All India Study Tour_2022 Day_06

 

Day _6


കഴിഞ്ഞ ദിവസങ്ങളിലെ തീവണ്ടി യാത്രയുടെ ക്ഷീണമൊക്കെ മറന്ന് വീണ്ടും രാവിലെ എഴുന്നേറ്റ് ഹോട്ടലിനു പുറത്തേക്കിറങ്ങി. നല്ല തണുപ്പായിരുന്നു. രാവിലെയുള്ള ചായ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായതിനാൽ ഞാനും ബിനോയി സാറും ചായ കുടിക്കാൻ പുറത്തേക്കിറങ്ങി. അധികം നടക്കേണ്ടി വന്നില്ല. ഹോട്ടലിന് അടുത്ത് തന്നെ ഒരു പെട്ടിക്കടക്കാരൻ കട തുറന്ന് ചായയ്ക്കുള്ള പരിപാടികൾ ഒരുക്കുകയായിരുന്നു. അഞ്ച് രൂപ വിലയുള്ള രണ്ട് ചായകൾ വീതം ഞങ്ങൾ കുടിച്ചിട്ട് വീണ്ടും ഹോട്ടലിലേക്ക് മടങ്ങി.

ലിംഗരാജ ക്ഷേത്രം കാണാൻ വേണ്ടിയാണ് ആദ്യം പുറപ്പെട്ടത്. ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിന്റെ ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ആയിരക്കണക്കിന് ആളുകൾ ദിവസവും അവിടെ സന്ദർശിക്കുന്നു. ക്ഷേത്രത്തിന്റെ മുഖ്യഗോപുരത്തിന് ഏകദേശം 55 മീറ്റർ ഉയരമുണ്ട്. കലിംഗ ആർക്കിടെക്ചറിന്റെ പാരമ്പര്യത്തെ പിൻപറ്റിയാണ് ഇതിന്റെ നിർമ്മാണം നടന്നിരിക്കുന്നത്.

ഭക്തിയും, നിയന്ത്രണവും ഒക്കെ കൂടി ആകെ തിരക്കായിരുന്നു അവിടെ. ക്യാമറയും മൊബൈൽ ഫോണും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിൽ ഞാൻ നിരാശനായിരുന്നു. ചെരുപ്പും ബാഗും ഒന്നും അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ രണ്ട് ടീമുകൾ ആയിട്ടാണ് ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറിയത്. ആദ്യത്തെ ടീം ക്ഷേത്രത്തിനുള്ളിലേക്ക് കയറിയപ്പോൾ രണ്ടാമത്തെ ടീം ബാഗ്, മൊബൈൽഫോൺ, ചെരിപ്പുകൾ എന്നിവയുടെ സൂക്ഷിപ്പുകാരായി. അരമണിക്കൂറിനുള്ളിൽ തന്നെ ആദ്യത്തെ ടീം പുറത്തിറങ്ങി. വാച്ച് ടവർ പോലെ ക്ഷേത്രത്തിനു വെളിയിൽ മതിലിന്റെ പൊക്കത്തിൽ ഒരു സ്ഥലമുണ്ട്. അവിടെ കയറി നിന്ന് നമുക്ക് ക്ഷേത്രത്തിന്റെ പുറം ചിത്രങ്ങൾ പകർത്താം. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിനുള്ള തിരക്കായിരുന്നു അവിടെ. അതിനിടയിൽ ഞാനും ഒന്ന് രണ്ട് വിദ്യാർത്ഥികളും അതിന്റെ മുകളിൽ കയറി ക്ഷേത്രത്തിന്റെ ചില ചിത്രങ്ങൾ പകർത്തി. പിന്നീട് രണ്ടാമത്തെ ടീമും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. കുറച്ചുസമയത്തിനുള്ളിൽ അവരും പുറത്തേക്കിറങ്ങി.

ആരും പ്രഭാത ഭക്ഷണം കഴിക്കാത്തതിനാൽ അതിന് പറ്റിയ ഒരു കട കണ്ടെത്തൽ ആയിരുന്നു പിന്നീട്. ക്ഷേത്രത്തിനു പുറത്ത് പച്ചക്കറിയും, പഴങ്ങളും മറ്റും വിൽക്കുന്ന തട്ടുകടകൾ ആയിരുന്നു കൂടുതലും. അവസാനം അല്പം അകലെയായി ഒരു കട കണ്ടെത്തി. ഒരു ചെറിയ കട ആയിരുന്നാലും സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ കഴിഞ്ഞു. 20 രൂപയ്ക്ക് അഞ്ച് പൂരിയും, കറിയും. രാവിലെ തന്നെ മതിവരുവോളം പൂരി കഴിച്ചു.

പിന്നീട് ലിംഗരാജാ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ അവിടവിടെയായി ഉപേക്ഷിക്കപ്പെട്ട ചില ക്ഷേത്രങ്ങൾ കൂടി സന്ദർശിച്ചു. പൗരാണികമായ പല ക്ഷേത്രങ്ങളും അത്ര ഗൗരവത്തോടെ ആയിരുന്നില്ല സംരക്ഷിക്കപ്പെട്ടിരുന്നത് എന്ന് തോന്നിപ്പോയി.

അവിടെനിന്നും നേരെ പോയത് പരശുരാമേശ്വര ക്ഷേത്രം സന്ദർശിക്കാനായിരുന്നു. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം മനോഹരമായ കൊത്തുപണികൾ കൊണ്ട് നിറഞ്ഞതാണ്. ഇപ്പോഴും പൂജകളും മറ്റും ഈ ക്ഷേത്രത്തിൽ നടത്താറുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇപ്പോൾ ഈ ക്ഷേത്രം.

നാലുമണിയോടെ ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി, ഉടൻതന്നെ അവിടെനിന്ന് പുറപ്പെടുകയും ചെയ്തു. വൈകിട്ട് 5. 55 നു ഉള്ള ട്രെയിനിൽ ഞങ്ങൾക്ക് പുരിയിൽ എത്തേണ്ടതുണ്ട്. കൃത്യസമയത്ത് തന്നെ ട്രെയിൻ എത്തി. രാത്രി 8.15ന് ഞങ്ങൾ പുരി റെയിൽവേ സ്റ്റേഷനിൽ എത്തി. റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഹോട്ടൽ കൃഷ്ണ പാലസിൽ ആയിരുന്നു ഞങ്ങൾക്ക് താമസ സൗകര്യങ്ങൾ അറേഞ്ച് ചെയ്തിരുന്നതു. ആധുനിക ഫ്ലാറ്റുകൾ പോലെ സുഖസൗകര്യങ്ങളാൽ സമൃദ്ധമായിരുന്നു അവിടുത്തെ മുറികൾ. രാത്രിയിൽ ചപ്പാത്തിയും കിഴങ്ങ് കറിയും കഴിച്ചു.

Comments

Popular posts from this blog