All India Study Tour_2022 Day_09

  Day _09


ശനിയാഴ്ച അതിരാവിലെ തന്നെ എഴുന്നേറ്റ് ആകാശ് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു. വീണ്ടും എല്ലാവരും ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തി. രാവിലെ ആറു മണിക്കുള്ള ഗണദേവത എക്സ്പ്രസിൽ ഞങ്ങൾ ബോൽ പൂരിലേക്ക് യാത്രയായി. ബോൽപൂർ റെയിൽവേ സ്റ്റേഷൻ ശാന്തി നികേതൻ റെയിൽവേ സ്റ്റേഷൻ എന്നുകൂടി അറിയപ്പെടുന്നുണ്ട്. 8:45ന് ഞങ്ങൾ ബോൽപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.

ശാന്തിനികേതൻ പൊതുവേ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ശബ്ദമുള്ള വാഹനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. "ടുട്ടു" എന്ന് വിളിപ്പേരുള്ള ഇലക്ട്രിക് വാഹനത്തിലാണ് ഞങ്ങൾ പുറപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ ആറു പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് അതിലെ സീറ്റിംഗ്. ജാഥ പോലെ 10 വാഹനങ്ങളിലായി ഞങ്ങൾ പൂർവ്വപള്ളി റസ്റ്റ് ഹൗസ് ലക്ഷ്യമാക്കി യാത്രയായി.

ആഢ്യത്വവും, ആധുനിക സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ സ്ഥലമായിരുന്നു പൂർവ്വപള്ളി റസ്റ്റ് ഹൗസ്. ഡോർമെട്രി കളിലും, മുറികളിലും ആയിട്ടാണ് വിദ്യാർത്ഥികൾ താമസിച്ചത്. വിശാലമായ മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നു. നാട്ടിലെ സ്വന്തം വീട്ടിൽ വന്ന ഒരു അനുഭവമായിരുന്നു എല്ലാവർക്കും. ചെന്നപാടെ കുളിക്കുകയും, മുഷിഞ്ഞ ചില വസ്ത്രങ്ങൾ നനച്ചിടുകയും ചെയ്തു.

ഭക്ഷണം കഴിച്ച ശേഷം ഞാനും ബിനോയ് സാറും ഒന്ന് രണ്ട് വിദ്യാർത്ഥികളും കൂടി കലാഭാവന ഫൈനാർട്സ് കോളേജ് ലക്ഷ്യമാക്കി നടന്നു. വളരെ പ്രശസ്തമായ നന്ദൻ മേള ഞങ്ങൾ വരുന്നതിന്റെ തൊട്ടു മുമ്പാണ് അവസാനിച്ചത്. അതുകൊണ്ടുതന്നെ ക്യാമ്പസിൽ അധികം ആളുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. മേള കഴിയുന്നതിന്റെ പിറ്റേദിവസം ക്യാമ്പസിന് അവധി ആണ്. ആദ്യം ക്യാമ്പസിലേക്ക് സെക്യൂരിറ്റി ഞങ്ങളെ കടത്തിവിട്ടില്ല. പിന്നീട് ഞങ്ങൾ വന്നതിന്റെ ഉദ്ദേശങ്ങൾ ഒക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, ഗ്രാഫിക്സ് ഡിപ്പാർട്ട്മെന്റിലെ ഒരു അധ്യാപകൻ അതുവഴി വരികയും അദ്ദേഹത്തോട് ഇക്കാര്യം സെക്യൂരിറ്റി സൂചിപ്പിക്കുകയും ചെയ്തു. അപ്പോൾ അധ്യാപകൻ ഞങ്ങളോട് പറഞ്ഞു " ഇവിടെ മുഴുവൻ മലയാളികൾ അല്ലേ. നിങ്ങൾ കേറി കാണൂ." എന്ന്.

വലിയൊരു ഉത്സവം കഴിഞ്ഞതിന്റെ പ്രതീതിയായിരുന്നു ക്യാമ്പസിന്. മേളയുടെ അവശിഷ്ടങ്ങൾ എല്ലാം അവിടവിടെ ചിതറി കിടന്നിരുന്നു. ആഹാര അവശിഷ്ടങ്ങൾക്ക് ദുർഗന്ധം വെച്ച് തുടങ്ങിയിരുന്നു. വിദ്യാർത്ഥികൾ അധികം ഒന്നും അവിടെ ഇല്ലായിരുന്നു. രാം കിങ്കർ ബെയ്ജിന്റെ ശില്പങ്ങൾക്ക് ചുറ്റും പൊതുജനങ്ങൾ തടിച്ചു കൂടുന്നുണ്ടായിരുന്നു. അവിടുത്തെ വിദ്യാർഥികളുടെ കലാ സൃഷ്ടികൾ ഒന്നും ക്യാമ്പസിൽ അധികം കണ്ടില്ല. എവിടെയോ ഒരു മന്ദത ക്യാമ്പസിൽ തളം കെട്ടിക്കിടക്കുന്നത് പോലെ തോന്നി. ബിനോയ് സാർ അവിടെ ആദ്യമായതുകൊണ്ട് ക്യാമ്പസിലെ ചില പ്രധാനപ്പെട്ട കെട്ടിടങ്ങൾ ഞാൻ അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുത്തു. ഇതുവരെ പറഞ്ഞു കേട്ടതിൽ നിന്നും വ്യത്യസ്തമായാണ് തോന്നിയത് എന്ന് ബിനോയ് സാർ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ ഒന്ന് രണ്ട് മലയാളി വിദ്യാർത്ഥികളെ അവിടെ കണ്ടു. അവരെ പരിചയപ്പെട്ട ശേഷം ഞങ്ങൾ ക്യാമ്പസിന് പുറത്തേക്ക് നടന്നു.

ക്യാമ്പസിനടുത്ത് തന്നെയുള്ള ക്യാന്റീനിൽ നിന്നും ഒരു മീൻ കറി ഊണ് കഴിച്ചു. ഈ യാത്രയിൽ ഞാനും ബിനോയിസാറും ഇതുവരെ വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ കഴിച്ചിരുന്നുള്ളൂ. ബംഗാളിലെ മീൻ കറി പ്രശസ്തമായതിനാൽ ഒന്ന് പരീക്ഷിക്കാം എന്ന് കരുതിയാണ് മീൻ കറി കഴിക്കാമെന്ന് തീരുമാനിച്ചത്. പക്ഷേ അത് നിരാശപ്പെടുത്തി.

ഉച്ചഭക്ഷണത്തിനുശേഷം രവീന്ദ്രനാഥ ടാഗോർ മ്യൂസിയം കാണാനായി പുറപ്പെട്ടു. ഇവിടെയും മൊബൈൽ ഫോണും, ബാഗും, പേഴ്സും, ചെരുപ്പും ഒക്കെ പുറത്ത് വയ്ക്കേണ്ടി വന്നു. പക്ഷേ മ്യൂസിയത്തിനുൾ വശം അത് ഗംഭീരമായി തയ്യാറാക്കിയിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ സന്ദർശിക്കേണ്ട ഒരു മ്യൂസിയം ആണിത്. നൊബേൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന് അപ്പുറം, ആ മഹത് വ്യക്തിയുടെ ജീവിതം എന്താണെന്ന് അറിയുവാൻ ആ മ്യൂസിയം വളരെ യധികം സഹായിക്കും. വളരെ നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ അവിടെനിന്നും പുറത്തിറങ്ങിയത്. തൊട്ടടുത്തുള്ള ഉത്തരായൻ കോംപ്ലക്സും ഞങ്ങൾ സന്ദർശിച്ചു. രാം കിങ്കർ ബെയ്ജിന്റെ സുജാത എന്ന ശില്പത്തിന്റെ ഒരു പകർപ്പും, പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണൻ സാറിന്റെ ശില്പവും അതിനടുത്തായി സ്ഥാപിച്ചിരുന്നു.

അല്പം അകലെയായിട്ടുള്ള ഒരു സാന്താൾ വില്ലേജ് ഞങ്ങൾ സന്ദർശിച്ചു. 2016ൽ കണ്ട വില്ലേജ് ആയിരുന്നില്ല അപ്പോൾ ഉണ്ടായിരുന്നത്. ബംഗാളിലെ ആദിവാസികളുടെ ജീവിതം മാറി തുടങ്ങിയിരുന്നു. വൈദ്യുതിയും, വെള്ളവും മറ്റു സൗകര്യങ്ങളും ഒക്കെ അവരുടെ വീടുകളിൽ എത്തിത്തുടങ്ങിയിരുന്നു. വഴിയരികിൽ ഒന്ന് രണ്ട് സ്ത്രീകൾ ചില കരകൗശല വസ്തുക്കൾ വിൽക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒന്ന് രണ്ട് കരകൗശല വസ്തുക്കൾ ഞങ്ങൾ വാങ്ങി. ഗ്രാമത്തിനുള്ളിലൂടെ അല്പം കൂടി മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ഗ്രാമീണ മേള നടക്കുകയായിരുന്നു. പരമ്പരാഗത കലാരൂപങ്ങളും, കരകൗശല വസ്തുക്കളും ഒക്കെ അവിടെ കാണാൻ കഴിഞ്ഞു. ഇരുട്ട് വീഴാൻ തുടങ്ങിയതോടെ ഒരു "ടുട്ടു"പിടിച്ച് ഞങ്ങൾ പൂർവ്വപള്ളി റെസ്റ്റ് ഹൗസിലേക്ക് മടങ്ങി.

Comments

Popular posts from this blog