All India study tour_23 Day _11

Day _11

ബിഷ്ണു പൂരുള്ള ടെറാകോട്ട ക്ഷേത്ര സന്ദർശനം  ഒഴിവാക്കുകയും, ആ ഒരു ദിവസം കൂടി ശാന്തിനികേതനിൽ തുടരാനും ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ശാന്തി നികേതനിൽ നിന്നും ഹൗറയിലെത്തി, അവിടെനിന്നും ഷിംലയിലേക്കാണ് യാത്ര. ഹൗറയിൽ നിന്നും ഷിംലയിലേക്കുള്ള യാത്രയിൽ, കൽക്ക വരെയുള്ള യാത്രയ്ക്ക് ഞങ്ങൾക്ക് ടിക്കറ്റ് കൺഫർമേഷൻ ലഭിച്ചിരുന്നില്ല. തന്മൂലം നേരത്തെ നടത്തിയ ചെന്നൈ -ഭുവനേശ്വർ യാത്ര പോലെ ഒരു റിസ്ക് ഫാക്ടർ അതിൽ ഉണ്ടായിരുന്നു. ഹൗറയിൽ നിന്നും 28 മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ കൽക്കയിൽ എത്താൻ സാധിക്കു. നേരത്തെ ഉള്ള യാത്രയിൽ മനംമടുത്ത വിദ്യാർത്ഥികൾ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ അത്ര താല്പര്യം കാണിച്ചില്ല. എന്നാൽ കുറച്ചു വിദ്യാർത്ഥികൾ എങ്ങനെയെങ്കിലും എത്തിച്ചേരാം എന്ന പക്ഷക്കാരായിരുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഒരു പ്രശ്നമായി വളർന്നു. മൂന്നാം വർഷ വിദ്യാർത്ഥി ജിതിൻ ചില മാർഗങ്ങൾ ഞങ്ങളുടെ മുന്നിൽ വച്ചു. ഡൽഹി വഴി ഷിംലയിലേക്ക് പോകാം. അതൊരു നല്ല നിർദ്ദേശം ആയിരുന്നു. എന്നാൽ റിസർവേഷന്റെ കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല. വിദ്യാർത്ഥികളിൽ പലരും ഓൺലൈൻ റിസർവേഷൻ ചെയ്യാൻ ശ്രമിച്ചു. പക്ഷേ 50 പേർക്കുള്ള റിസർവേഷൻ നടത്താൻ സാധിച്ചില്ല. ചില ശാരീരിക  പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രീതി ടീച്ചറും, മറ്റുചില കാര്യങ്ങൾ ഉള്ളതിനാൽ പെൺകുട്ടികളും റിസർവേഷൻ ഉള്ള യാത്രയ്ക്കാണ് താല്പര്യം കാണിച്ചത്. അവരോടൊപ്പം കുറച്ച് ആൺകുട്ടികളും ചേർന്നു. മറ്റെന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പെൺകുട്ടികൾക്കും,  ടീച്ചറിനും സൗകര്യപ്രദമായ യാത്ര സൗകര്യങ്ങൾ തയ്യാറാക്കി കൊടുക്കണം എന്ന് ഞങ്ങൾ അവരോട് പറഞ്ഞു. വൃത്തിഹീനമായ ട്രെയിനിലെ ശുചിമുറികൾ ഉപയോഗിച്ചതുകൊണ്ട് പെൺകുട്ടികൾക്ക്  പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് റിസർവേഷൻ ടിക്കറ്റിൽ യാത്ര ചെയ്യണമെന്ന് ടീച്ചർ പറഞ്ഞത്.

പിറ്റേദിവസം രാവിലെയുള്ള മീറ്റിങ്ങിൽ ടീം രണ്ടായി പിരിഞ്ഞ് ഒരു സംഘം കൽക്കവഴി ഷിംലയിലേക്കും, മറ്റൊരു സംഘം ഡൽഹി വഴി ഷിംലയിലേക്ക്  എത്താം എന്നും തീരുമാനിച്ചു. ഡൽഹി വഴി ഷിംലയിലേക്ക് പോകുമ്പോൾ ആദ്യം മുതൽ എല്ലാവർക്കും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. അതിനുള്ള പണം ഞാൻ ജിതിന് കൈമാറി. ഡൽഹിയിൽ എത്തിയശേഷം അവിടെ നിന്നും ബസിലാണ് ഷിംലയിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നത് എന്ന് ജിതിൻ അറിയിച്ചു. ഞാനും ബിനോയ് സാറും കുറച്ച് വിദ്യാർത്ഥികളും അടങ്ങുന്ന സംഘം ഉച്ചയോടു കൂടി ശാന്തിനികേതനിൽ നിന്നും പുറപ്പെട്ടു. മറ്റേ സംഘം ശാന്തിനികേതനിൽ തന്നെ തുടർന്നു. അവർക്ക് നാളെ പുറപ്പെട്ടാൽ മതിയാകും.

ഹൗറയിൽ നിന്നും കൽക്കയിലേക്കുള്ള മുഴുവൻ ടിക്കറ്റുകളും വെയിറ്റിംഗ് ലിസ്റ്റിൽ ആണ്. ഇവിടെ ഓടുന്ന സ്ലീപ്പർ കോച്ചുകളിൽ പോലും ജനറൽ കമ്പാർട്ട്മെന്റിലേതുപോലെ തിരക്കാണ്. ഒന്നിരിക്കാൻ സ്ഥലം കിട്ടിയാൽ അതുതന്നെ ഭാഗ്യം. ഞങ്ങളുടെ മുന്നിൽ കടമ്പകൾ ഏറെ ആയിരുന്നു. ശാന്തിനികേതനിൽ നിന്നും ഒരു ദിവസം മുമ്പേ ഇറങ്ങിയതിനാൽ 28 മണിക്കൂർ ഉള്ള യാത്ര, ബ്രേക്ക് ചെയ്തു പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.

 ശാന്തിനികേതനിൽ നിന്നും ഹൗറയ്ക്കുള്ള തീവണ്ടിക്ക് ഞങ്ങൾ കാത്തു നിന്നു. പ്ലാറ്റ്ഫോമിൽ നിറയെ ആൾക്കാരാണ്. ഒന്ന് രണ്ട് പേരോട് ചോദിച്ച്, ജനറൽ കമ്പാർട്ട്മെന്റ് വന്നുനിൽക്കാൻ സാധ്യതയുള്ള സ്ഥലത്താണ് ഞങ്ങൾ നിന്നത്. എന്നാൽ ട്രെയിൻ വന്നു പ്ലാറ്റ്ഫോമിൽ നിന്നപ്പോൾ ഒരു 200 മീറ്ററോളം മുന്നോട്ടു നീക്കിയാണ് നിർത്തിയത്. വലിയ ബാഗുകളും തൂക്കി ഒരോട്ടം ആയിരുന്നു. ഒരു വിധത്തിൽ ഞങ്ങൾ ട്രെയിനിൽ കയറിപ്പറ്റി. അതിനുള്ളിൽ കയറി കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഇത് ഹൗറയിൽ എത്തില്ല എന്ന്. പിന്നെയുള്ള ഒരു പോംവഴി ബർദ്ധമാൻ സ്റ്റേഷൻ കഴിഞ്ഞുള്ള ബാന്‍ഡല്‍ എന്ന ജംഗ്ഷനിൽ ഇറങ്ങുക. ബർദ്ധമാനിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് ബാൻഡൽ ജംഗ്ഷൻ.  അവിടെനിന്നും മറ്റൊരു ട്രെയിനിൽ ഹൗറയിൽ എത്തുക. ജനറൽ കമ്പാർട്ട്മെന്റിൽ ഓടി കയറിയതിനാൽ പലരും ചിതറി പോയിരുന്നു. സ്റ്റഡി ടൂറിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഞങ്ങൾ സന്ദേശങ്ങൾ കൈമാറി, എല്ലാവരും ട്രെയിനിൽ കയറിയിട്ടുണ്ട് എന്ന് ഉറപ്പിച്ചു.
 5 മണിയോടെ ഞങ്ങൾ ബാൻഡൽ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും വീണ്ടും ടിക്കറ്റ് എടുത്ത് ഹൗറയിലേക്ക് പോകുന്ന ട്രെയിൻ കാത്തുനിന്നു. അവിടെ നിന്നും ഹൗറയിലേക്ക് ധാരാളം ലോക്കൽ ട്രെയിനുകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ കയറി ഞങ്ങൾ ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തി.

രാത്രി ഒമ്പതരയ്ക്ക് ഒരു ട്രെയിൻ ഉണ്ട് കൽക്കയിലേക്ക്. അതല്ലാതെ മറ്റെന്തെങ്കിലും പോംവഴി ഉണ്ടോ എന്ന് അന്വേഷിച്ച് ഞങ്ങൾ ടിക്കറ്റ് കൗണ്ടറിനടുത്ത് എത്തി. വലിയ ആ തിരക്കിനിടയിലൂടെ നടക്കുമ്പോൾ ആരോ ഒരാൾ എന്നോട് ചോദിച്ചു റിസർവേഷൻ ടിക്കറ്റ് വേണോ എന്ന്. ഞാൻ ഇക്കാര്യം ബിനോയ് സാറിനോട് പറഞ്ഞു. പെട്ടെന്ന് ഒരു ആശയം തോന്നിയ ഞങ്ങൾ ആ ചെറുപ്പക്കാരനോട് കാര്യങ്ങൾ പറഞ്ഞു. അവൻ പറഞ്ഞു നിങ്ങൾ കാൺപൂരി ലേക്ക് പോവുക. അവിടെനിന്നും കൽക്കയിലേക്ക് മറ്റൊരു ട്രെയിനിൽ കയറുക. കാൺപൂർ ലേക്ക് പോകുന്ന ട്രെയിനിൽ ദൻബാദ് വരെ റിസർവേഷൻ ഉള്ള ടിക്കറ്റ് ഞങ്ങൾ അറേഞ്ച് ചെയ്തു തരാം. അതായത് രാത്രിയിൽ ട്രെയിനിൽ കയറി കഴിഞ്ഞാൽ വെളുപ്പിന് നാലുമണി ആകുമ്പോൾ നിങ്ങൾ ധൻബാദിൽ  എത്തും. അവിടം വരെ നിങ്ങൾക്ക് സുഖമായി കിടന്നു ഉറങ്ങാം. ടി ടി ആറിനെ കണ്ടു അല്പം കാശുകൊടുത്താൽ  അവിടെനിന്നും ബാക്കി റിസർവേഷൻ കൂടി നിങ്ങൾക്ക് കിട്ടും.

ഞങ്ങൾ അങ്ങനെ തന്നെ പോകാൻ തീരുമാനിച്ചു. പണം വാങ്ങി അരമണിക്കൂറിനുള്ളിൽ അവർ ടിക്കറ്റുമായി വന്നു. രണ്ടുപേർക്കൊഴികെ ബാക്കിയുള്ളവർക്കെല്ലാം ദൻബാദ് വരെയാണ് റിസർവേഷൻ ഉള്ളത്. രണ്ടു വിദ്യാർത്ഥികൾക്ക് കാൺപൂർ വരെ  റിസർവേഷൻ കിട്ടി. ഞങ്ങൾ ആ വിദ്യാർത്ഥികളോട് പറഞ്ഞു, നിങ്ങൾ കാൺപൂരിൽ ഇറങ്ങി വെയിറ്റ് ചെയ്യുക. ഞങ്ങൾ ധൻബാദിൽ ഇറങ്ങി അടുത്ത ട്രെയിനിൽ കാൺപൂരിൽ  എത്തിച്ചേരാം.

 ഇതെല്ലാം പ്ലാൻ ചെയ്ത് ഞങ്ങൾ പ്ലാറ്റ്ഫോമിലൂടെ നടന്നു. ഞങ്ങൾക്ക് പോകേണ്ട ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് ഒരിടത്ത് പ്രദർശിപ്പിച്ചിട്ടുണ്ടാ യിരുന്നു. ഞങ്ങൾക്ക്   റിസർവേഷൻ ടിക്കറ്റ് കിട്ടിയത് കൊണ്ട് വെറുതെ ആ ചാർട്ടിലൂടെ ഒന്നു കണ്ണോടിച്ചു. അവര് തന്ന ടിക്കറ്റും, ചാർട്ടിലെ നമ്പറുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ബ്ലാക്കിൽ ടിക്കറ്റ് വാങ്ങി തന്നവന്മാർ ഞങ്ങളെ തേച്ചൊട്ടിച്ചു എന്ന് തന്നെ വിചാരിച്ചു. എന്തും വരട്ടെ എന്ന ഭാവത്തിൽ ഞങ്ങൾ അവന്മാർ തന്ന കമ്പ്യൂട്ടർ പ്രിന്റ് ടിക്കറ്റുമായി ട്രെയിനിൽ കയറി അതാത് സീറ്റുകളിൽ ഇരുന്നു. ഭാഗ്യത്തിന് ഞങ്ങളുടെ സീറ്റ് നമ്പറുകളിൽ മറ്റാരും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് ആരെങ്കിലും വരുമോ എന്ന് ടെൻഷനിൽ ആയിരുന്നു മുഴുവൻ പേരും. അവരവർക്ക് കിട്ടിയ ബർത്തിൽ നാലുമണിവരെ എങ്കിൽ നാലുമണിവരെ എന്ന ഭാവത്തിൽ ഉറങ്ങാൻ കിടന്നു. ട്രെയിൻ പതിയെ ചലിച്ചു തുടങ്ങി.

Comments

Popular posts from this blog