All India Study Tour_2022 Day_08

 Day _08


രാവിലെ 6:50ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കാനുള്ള ഹോട്ടൽ എന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.

നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു വീട്ടിലേക്ക് 'വടക്കുവശത്ത് കൂടി' കയറി ചെല്ലുന്നത് പോലെയുള്ള അവസ്ഥയായിരുന്നു അത്. ഹൗറ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും മോശപ്പെട്ട വശത്തുകൂടിയാണ് ഞങ്ങൾ പുറത്ത് ഇറങ്ങിയത്. പച്ചക്കറി വേസ്റ്റുകളും, മത്സ്യഗന്ധം പേറുന്ന ഓടകളും ഉള്ള ഒരു സ്ഥലത്ത് കൂടിയാണ് ഞങ്ങൾ നടന്നത്. ചുറ്റും മനംമടുപ്പിക്കുന്ന കാഴ്ചകൾ. വളരെ ആവേശത്തോടെ കൽക്കട്ട കാണാൻ വന്ന ഞങ്ങൾക്ക് വലിയ നിരാശയായി. ഒടുവിൽ താമസ സൗകര്യം ഏർപ്പാട് ചെയ്തിരുന്ന ആകാശ ഹോട്ടലിൽ എത്തി.

ഹൗറ ഫിഷ് മാർക്കറ്റിന്റെ നേരെ എതിർവശത്തായിരുന്നു ഈ ഹോട്ടൽ. ഇനി പരിസരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ. ലോറികളിലും മറ്റും കൊണ്ടുവന്ന മീനുകൾ പല സ്ഥലങ്ങളിലേക്ക് ചെറിയ ചെറിയ വാഹനങ്ങളിൽ കയറ്റുന്ന അനേകം തൊഴിലാളികൾ. ഏറ്റവും കൗതുകകരമായി തോന്നിയത് അംബാസിഡർ കാറിന്റെ ഡിക്കിയിലും സീറ്റിലും മറ്റും മത്സ്യം അടുക്കുന്ന കാഴ്ചയാണ്. കാഴ്ചയിൽ രസം തോന്നി ജോസഫ് എന്ന വിദ്യാർത്ഥി അത് ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ കാർ ഉടമയും തൊഴിലാളിയും എതിർത്തു. രാവിലെ തന്നെ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി ജോസഫ് പിൻവാങ്ങി.

ഒരിടത്തരം ഹോട്ടൽ ആയിരുന്നു. ഞങ്ങൾ കുളിച്ചൊരുങ്ങി പുറത്തേക്ക് ഇറങ്ങി. വിക്ടോറിയ പാലസ് കാണുക എന്നതായിരുന്നു ലക്ഷ്യം. ഹോട്ടലിന് അല്പം അകലെ നിന്നും ബസിലാണ് വിക്ടോറിയ പാലസിലേക്ക് യാത്ര ചെയ്തത്. പാലസിന് അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചു. ആ കടയുടെ സമീപത്ത് എയർഗൺ ഉപയോഗിച്ച് ബലൂൺ പൊട്ടിക്കുന്നതിനുള്ള ഗയിം സൗകര്യം ഉണ്ടായിരുന്നു. എല്ലാവരും ട്രൈ ചെയ്തു. ഞാനും കുറെ ബലൂണുകൾ പൊട്ടിച്ചു.

ടിക്കറ്റ് എടുത്ത് വിക്ടോറിയ പാലസിനുള്ളിലേക്ക് കയറി. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എന്റെ ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞു. എന്റെ ബാഗിൽ ഡിഎസ്എൽആർ ക്യാമറയും, അതിന്റെ ലെൻസുകളും, മൈക്കും ഒക്കെ ഉണ്ടായിരുന്നു. ഇതൊന്നും അകത്തേക്ക് കയറ്റാൻ കഴിയില്ല എന്ന് സെക്യൂരിറ്റി വാശിപിടിച്ചു. എന്നാൽ അതു സൂക്ഷിക്കാനുള്ള സൗകര്യവും അവിടെ ഇല്ലായിരുന്നു. ഞാൻ ആകെ കുഴങ്ങി. പരിശോധിച്ച ഉദ്യോഗസ്ഥൻ വളരെ മാന്യനായിരുന്നു. അയാൾ എന്റെ അവസ്ഥ മനസ്സിലാക്കി പറഞ്ഞു "പാലസിന്റെ ഗേറ്റിനു വെളിയിൽ ഒരു പുസ്തക കച്ചവടക്കാരൻ ഉണ്ട്. 40 വർഷത്തോളമായി ഇവിടെ പുസ്തക കച്ചവടം ചെയ്യുന്ന ആളാണ്. എനിക്ക് വളരെ വ്യക്തിപരമായി അറിയാവുന്ന ആളാണ്. നിങ്ങൾ ക്യാമറ ബാഗ് അയാളെ ഏൽപ്പിക്കുക. അയാൾക്ക് എന്തെങ്കിലും കുറച്ചു പൈസയും കൊടുക്കണം"
വല്ല തട്ടിപ്പ് ആയിരിക്കുമോ? എന്റെ ആദ്യത്തെ ചിന്താ അതായിരുന്നു. ബാഗ് ഉൾപ്പെടെ അടിച്ചു കൊണ്ട് പോയി കഴിഞ്ഞാൽ നാലഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെടും. എന്ത് ചെയ്യണം? ഞാൻ ബിനോയ് സാറിനോടും ചോദിച്ചു.

ഞങ്ങളുടെ കൺഫ്യൂഷൻ കണ്ട് ഉദ്യോഗസ്ഥൻ ഞങ്ങളോടൊപ്പം നടന്ന് വന്ന് പുസ്തക കച്ചവടക്കാരനെ പരിചയപ്പെടുത്തി. രണ്ടും കൽപ്പിച്ച് ബാഗ് അയാളെ ഏൽപ്പിച്ചിട്ട് ഞങ്ങൾ വിക്ടോറിയ പാലസ് കാണാനായി അകത്തേക്ക് കയറി.

1906-നും 1921-നും ഇടയിൽ നിർമ്മിച്ച സെൻട്രൽ കൊൽക്കത്തയിലെ ഒരു വലിയ മാർബിൾ കൊട്ടാരമാണ് വിക്ടോറിയ മെമ്മോറിയൽ. ഇത് 1876 മുതൽ 1901 വരെ ഇന്ത്യൻ ചക്രവർത്തിയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി സമർപ്പിച്ചിരിക്കുന്നു.

വിക്ടോറിയ മെമ്മോറിയലിന്റെ ശില്പി വില്യം എമേഴ്‌സൺ  ആയിരുന്നു. വെനീഷ്യൻ, ഈജിപ്ഷ്യൻ, ഡെക്കാനി വാസ്തുവിദ്യാ സ്വാധീനങ്ങളുള്ള ബ്രിട്ടീഷ്, മുഗൾ ഘടകങ്ങൾ ഉപയോഗിക്കുന്ന ഇൻഡോ-സാരസെനിക് റിവൈവലിസ്റ്റ് ശൈലിയിലാണ് ഡിസൈൻ. വെളുത്ത മക്രാന മാർബിൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വിക്ടോറിയ മെമ്മോറിയലിന്റെ പൂന്തോട്ടങ്ങൾ രൂപകൽപ്പന ചെയ്തത്  ലോർഡ് റെഡെസ്‌ഡെയ്ൽ , ഡേവിഡ് പ്രെയിൻ എന്നിവരാണ് .  പാലസിന്റെ വടക്കുവശത്തുള്ള പാലവും, പൂന്തോട്ട ഗേറ്റുകളും രൂപകൽപ്പന ചെയ്‌തതു മുഖ്യശില്പി എമെർസന്റെ അസിസ്റ്റന്റ് ആയ വിൻസെന്റ് ജെറോം എഷ് ആണ്.

സ്മാരകത്തിന്റെ മധ്യ താഴികക്കുടത്തിന് മുകളിൽ വിജയത്തിന്റെ മാലാഖയുടെ 16 അടി (4.9 മീറ്റർ) ഉയരമുള്ള ശില്പമുണ്ട്. താഴികക്കുടത്തിന് ചുറ്റും കല, വാസ്തുവിദ്യ, നീതി, ദാനധർമ്മം എന്നിവയുൾപ്പെടെയുള്ള സാങ്കൽപ്പിക ശിൽപങ്ങളും വടക്കൻ പൂമുഖത്തിന് മുകളിൽ മാതൃത്വം, വിവേകം, പഠനം എന്നിവയുമാണ്.

കൊട്ടാരത്തിനുള്ളിൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അതിനുള്ളിൽ ഉണ്ടായിരുന്ന പല ശില്പങ്ങളും പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുക ആയിരുന്നു. പാലസിൽ നിന്നും ഇറങ്ങി പുസ്തക കച്ചവടക്കാരന്റെ കയ്യിൽ നിന്നും ക്യാമറ ബാഗും വാങ്ങിയിട്ടാണ് തിരികെ പോന്നത്. പുസ്തക കച്ചവടക്കാരൻ വിശ്വസ്തനായിരുന്നു. ബാഗ് സൂക്ഷിച്ചതിന് അയാൾക്ക് 50 രൂപയും കൊടുത്തു.

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ ഇന്ത്യൻ മ്യൂസിയം കാണാനായി പോയി. കണ്ടാലും കണ്ടാലും തീരാത്ത അത്ര തരത്തിൽ വിവിധങ്ങളായ കാഴ്ചകൾ ആയിരുന്നു ആ മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. ശില്പകല, ഫോട്ടോഗ്രാഫി, സാമൂഹികശാസ്ത്രം, സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, രസതന്ത്രം, ഫോട്ടോഗ്രാഫി തുടങ്ങിയ അനേകം വിഷയങ്ങളിൽ ഗൗരവപരമായ കാഴ്ചകൾ അവിടെ ഉണ്ടായിരുന്നു.


കൽക്കട്ട ഗവൺമെന്റ് ആർട്സ് ക്രാഫ്റ്റ് കോളേജ് കൂടി സന്ദർശിക്കണം എന്നുണ്ടായിരുന്നു. ചില സാങ്കേതിക തടസ്സങ്ങൾ ഉള്ളതിനാൽ അവിടേക്ക് പ്രവേശനം ലഭിച്ചില്ല. വിദ്യാർത്ഥികൾ പലരും കൽക്കട്ട തെരുവിൽ ഷോപ്പിങ്ങിനായി പോയി. ഭക്ഷണം ഒക്കെ കഴിച്ചശേഷം 8:30 തോടു കൂടി എല്ലാവരും ഹോട്ടലിൽ മടങ്ങി എത്തി.

Comments

Popular posts from this blog