All India Study Tour_2022 Day_10

 Day _10


തണുത്ത നല്ല കാലാവസ്ഥ ആയതിനാൽ പതിവില്ലാത്തവിധം കുറേനേരം ഉറങ്ങി. ഇതിനിടയിൽ പല വിദ്യാർത്ഥികളും ഷോപ്പിങ്ങിനും മറ്റ് സ്ഥലങ്ങൾ കാണുവാനുമായി പുറത്തേക്ക് പോയിരുന്നു. പ്രീതി ടീച്ചർ ശാന്തിനികതൻ പരിസരത്തുള്ള ടെറാകോട്ട ക്ഷേത്രങ്ങൾ കാണുവാൻ പോകുന്നു എന്ന് ഫോണിൽ വിളിച്ച് അറിയിച്ചു. ഞങ്ങൾ ഉച്ചവരെ റൂമിൽ തന്നെ കഴിച്ചുകൂട്ടി.

ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ബിനോയ് സാറിനോട് ചോദിച്ചു " നമുക്ക് കടുക് പാടങ്ങൾ കാണാൻ പോയാലോ? നല്ല മഞ്ഞ നിറത്തിൽ വിളഞ്ഞു കിടക്കുകയായിരിക്കും. ഇവിടെ വന്നിട്ട് അത് കാണാതെ പോയാൽ ഒരു നഷ്ടമായിരിക്കും. കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കടുകുപാടം കാണാൻ പോകുകയും ധാരാളം ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. "
" എവിടെയാണെന്ന് അറിയാമോ? "
ബിനോയ് സാർ ചോദിച്ചു.
" നമുക്ക് അന്വേഷിച്ചു പോകാം"
പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുങ്ങി ഇറങ്ങി. ചായയും ലഘു ഭക്ഷണങ്ങളും ഒക്കെ കഴിച്ചിട്ട് ഒരു 'ടുട്ടു' വിളിച്ചു. ഒരു ചെറുപ്പക്കാരനായിരുന്നു അത് ഓടിച്ചിരുന്നത്. അവനോട് കാര്യങ്ങൾ പറഞ്ഞു. അങ്ങോട്ട് പോകുന്നതിനും തിരികെ വരുന്നതിനുമുള്ള ചാർജ് പറഞ്ഞുറപ്പിച്ച ശേഷം കടുക് പാടങ്ങൾ കാണുവാനായി ഞങ്ങൾ യാത്രയായി. ബോൽപൂരിൽ നിന്നും ഏഴെട്ട് കിലോമീറ്റർ അകലെയായിരുന്നു. വലിയ റോഡുകൾ വിട്ട് ഗ്രാമവഴിയിലൂടെ ടുട്ടു ഓടിക്കൊണ്ടിരുന്നു. ഞാൻ വളരെ ആകാംക്ഷയോടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. വിശാലമായ മഞ്ഞ കടുകുപാടങ്ങൾ കാണുവാൻ വേണ്ടി. എന്നാൽ നിരാശയായിരുന്നു ഫലം. കണ്ണത്താ ദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങളിലെല്ലാം മറ്റെന്തോ കൃഷിയായിരുന്നു തുടങ്ങിയിരുന്നത്. മഞ്ഞയ്ക്ക് പകരം പച്ച നിറത്തിലുള്ള തളിരുകൾ കൊണ്ട് നിറഞ്ഞ പാടങ്ങൾ.

ഇതിനിടയിൽ മറ്റൊരു കാഴ്ച കണ്ടു. വിശാലമായ ഗ്രാമവഴിയുടെ വശങ്ങളിൽ നിറയെ വരിവരിയായി നിൽക്കുന്ന ഈന്തപ്പനകളിൽ കയറി ഒരു ഗ്രാമീണൻ പ്ലാസ്റ്റിക് കാനുകൾ തൂക്കിയിടുന്നു. "വാ രഞ്ജിത്ത് ഇത് ഷൂട്ട് ചെയ്യൂ " എന്ന് പറഞ്ഞ് ബിനോയി സാർ എന്നെ വിളിച്ചുകൊണ്ട് ഈന്തപ്പനയുടെ ചുവട്ടിലേക്ക് ചെന്നു. ഒരു 8 - 10 അടി പൊക്കമുള്ള ഈന്തപ്പനകൾ ആയിരുന്നു കൂടുതലും. നമ്മുടെ നാട്ടിൽ റബ്ബറ് ചെത്തുന്നത് പോലെ ഈന്തപ്പനയുടെ തടിയുടെ ഒരു ഭാഗം മൂർച്ചയേറിയ കത്തികൊണ്ട് വരഞ്ഞിടുകയാണ്. അതിന്റെ മദ്ധ്യത്തായി ചെറിയൊരു ലോഹ കഷണം ഉറപ്പിച്ചിട്ടുണ്ട്. അതിലൂടെ തെളിഞ്ഞ ഒരു ദ്രാവകം കുപ്പിയിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

ടുട്ടുവിന്റെ ഡ്രൈവർ ഇതിന്റെ വിശദാംശങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. ഇങ്ങനെ സംഭരിക്കുന്ന ദ്രാവകത്തെ അവർ ചൂടാക്കി കുപ്പികളിൽ നിറയ്ക്കുന്നു. ചൂടാക്കുമ്പോൾ ഏകദേശം നമ്മുടെ ശർക്കരയുടെ നിറമാണ്. ഇതിനെ ചൂടാക്കി അതിൽ നിന്നും ശർക്കരയും നിർമ്മിക്കാം. അതിന് വേണ്ടിയിട്ടുള്ള ഒരു മുറിയും അടുത്തായിട്ടുണ്ടായിരുന്നു. ഗ്രാമീണൻ പിന്നെയും പനകളിൽ കയറി ദ്രാവകം എടുക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു നിന്നു.

വലിയ എന്തോ കണ്ടുപിടിത്തം നടത്തിയത് പോലെ ടുട്ടുവിന്റെ ഡ്രൈവർ ഞങ്ങളുടെ നേർക്ക് ഓടി വന്നു. " അവിടെ ഒരു കടുകുപാടം കണ്ടെത്തി". അയാൾ വളരെ സന്തോഷത്തിൽ ആയിരുന്നു. ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടത്തിലൂടെ ഞങ്ങൾ വളരെയധികം നടന്നു. അപ്പോൾ അങ്ങ് ദൂരെ ഒന്നു രണ്ടു പാടത്തിൽ മൺപറ്റേ മഞ്ഞപ്പൂക്കൾ വിരിഞ്ഞുകിടക്കുന്നു. ഞങ്ങൾ റോഡ് ചെന്ന് കടുകുപാടത്തിലെ പൂക്കളുടെ പടങ്ങൾ എടുത്തു. പക്ഷേ അപ്പോഴും പണ്ട് കണ്ട കടുകു പാടത്തിന്റെ അത്ര ഗുമ്മ് ഇവിടെ തോന്നിയില്ല. അക്കാര്യം ഞാൻ ബിനോയ് സാറിനോട് പറഞ്ഞപ്പോൾ അത് കേട്ട് നിന്ന ടുട്ടു ഡ്രൈവർ പുതിയൊരു കാര്യം വിശദീകരിച്ചു. പൊക്കം വയ്ക്കുന്ന തരത്തിലുള്ള കടുവകൾ അല്ല ഇപ്പോൾ ഇവിടെ കൃഷി ചെയ്യുന്നത്. അത്യുൽപാദനശേഷിയുള്ള കടുക് ചെടികളാണ് ഇത്. ഇതിന് പരമാവധി ഇത്ര പൊക്കമേ വരൂ എന്ന് അയാൾ പറഞ്ഞു.

അപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. ടുട്ടുവിൽ കയറി ഞങ്ങൾ ബോൽ പൂരിലേക്ക് തിരിച്ചു. ഗ്രാമ വഴിയിലൂടെ തിരികെ വരുമ്പോൾ പന ചെത്തുന്നതിന് അടുത്തുനിന്ന ഒരു പയ്യനെ കണ്ടു. ടുട്ടുവിന്റെ ഡ്രൈവർ വണ്ടി നിർത്തിയിറങ്ങി പയ്യനോട് എന്തോ സംസാരിച്ചു. അതിനുശേഷം ടുട്ടുവിന്റെ ഡ്രൈവർ ഞങ്ങളെ ഗ്രാമത്തിനുള്ളിലുള്ള ഒരു വീട്ടിലേക്ക് ക്ഷണിച്ചു. ഇരുട്ട് വീണു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ നടന്നു. അവിടെ ചെന്നപ്പോൾ പയ്യനും അവന്റെ അമ്മുമ്മയും അതിഥികളെപ്പോലെ ഞങ്ങളെ സ്വീകരിച്ചു. പാംസാപ്പ് (palm sap ) നെ കുറിച്ചു ചോദിച്ചതുകൊണ്ട് അതിൽ കുറച്ച് ഞങ്ങൾക്ക് തരാൻ വേണ്ടിയാണ് അവർ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചത്. കഴുകി വെച്ചിരുന്ന ഒരു ചെറിയ പാത്രത്തിലേക്ക് കുപ്പിയിൽ നിന്നും ലായനി ഒഴിച്ച് ഞങ്ങൾക്ക് തന്നു. ഞങ്ങൾ അത് രുചിച്ചു നോക്കി. തേൻ പോലെയാണ് ദ്രാവകം എങ്കിലും കരിപ്പെട്ടിയുടെ രുചിയായിരുന്നു. ഇവിടെ വിൽക്കാനുണ്ട് വേണമെങ്കിൽ ഓരോ കുപ്പി വീതം തന്നു വിടാം എന്ന് അവർ പറഞ്ഞു. ഇനി ഏറെ ദിവസങ്ങൾ സഞ്ചരിക്കാനുള്ളതു കൊണ്ടും, ബാഗിൽ അധികം സ്ഥലം ഇല്ലാത്തതിനാലും ഞങ്ങൾ അത് വാങ്ങിയില്ല. വളരെ സ്നേഹത്തോടെ കുറച്ചു രൂപ ഞാനാ പയ്യന്റെ കയ്യിൽ കൊടുത്തു. അവൻ സ്നേഹപൂർവ്വം അത് വാങ്ങി.

പൂരിലേക്ക് വരുന്ന വഴി പ്രീതി ടീച്ചറിന്റെ ഫോൺ കോളുകൾ എത്തിക്കൊണ്ടിരുന്നു. ശാന്തിനികേതനു അടുത്തുള്ള സമ്പാട്ടി എന്ന സ്ഥലത്ത് ഉള്ള അർത്ഥശില എന്ന ഗാലറിയിലാണ് അവരിപ്പോൾ എന്നും, തൃശ്ശൂർ ഫൈനാർട്സ് കോളേജിലെ പ്രിൻസിപ്പൽ മനോജ് കണ്ണൻ സാറും, പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണൻ സാറും അവിടെയുണ്ടെന്നും, നിങ്ങളെ കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഇത് കേട്ടപ്പോഴേ ആകെ അങ്കലാപ്പിലായി. ഇനി ഏറെ ദൂരം പോകാനുണ്ട്. ടുട്ടു വിന് ആണെങ്കിൽ അതിവേഗത്തിൽ പായാനും കഴിയില്ല. ടീച്ചറും വിദ്യാർത്ഥികളും ഞങ്ങളെ തുടരെ വിളിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ അർഥശിലയിൽ എത്തിച്ചേരുമ്പോൾ ഗ്യാലറി അടച്ചിരുന്നു. പഴയ അതേ സ്നേഹത്തോടെ ചിരിയോടെ കെ എസ് രാധാകൃഷ്ണൻ സാർ ഞങ്ങളോട് സുഖ വിവരങ്ങൾ അന്വേഷിച്ചു. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിച്ചു നിന്നു. അന്ന് രാത്രിയിൽ രാധാകൃഷ്ണൻ സാർ ഡൽഹിയിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പെട്ടെന്ന് തിരികെ പോയി.

പിന്നീട് ഞങ്ങൾ എല്ലാവരും കൂടി ബൗൾ സംഗീതം കേൾക്കാനായി പോയി. ഞങ്ങൾക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു സ്വകാര്യ പ്രകടനം ആയിരുന്നു അത്. ബൌൾ സംഗീതത്തെക്കുറിച്ചും അതിന്റെ ഫിലോസഫിയെ കുറിച്ചും മനോജ് സാർ കുറച്ചുനേരം സംസാരിച്ചു.

Comments

Popular posts from this blog