All India Study Tour_2022 Day_07

All India Study Tour_2022

 Day_7


പുരിയിലെ താമസ സൗകര്യങ്ങൾ വളരെ നല്ലതായിരുന്നു. പതിവുപോലെതന്നെ പ്രഭാത ഭക്ഷണത്തിനായി എല്ലാവരും പുറത്തേക്കു ഇറങ്ങി. പൂരിയും ചപ്പാത്തിയും ഒക്കെയാണ് മുഖ്യ ഭക്ഷണങ്ങളായി അവിടെ ഉണ്ടായിരുന്നത്. ഞങ്ങൾ ഒരു ചെറിയ കടയിൽ നിന്നും പൂരിയും കറിയും ആണ് ഓർഡർ ചെയ്തത്. പക്ഷേ എന്തുകൊണ്ടോ ആ കറി എനിക്ക് അത്രയധികം ഇഷ്ടപ്പെട്ടില്ല. ഞാൻ ഭക്ഷണം പകുതിയിൽ നിർത്തി. ഞാൻ കഴിക്കാതെ ആയപ്പോൾ ബിനോയി സാറും ഭക്ഷണം വേണ്ട എന്ന് വെച്ചു. പിന്നെ അടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് ചായ കുടിച്ചു. ചായ കുടിച്ച് പൈസ കൊടുത്ത് തിരികെ നടക്കുമ്പോൾ, കടക്കാരൻ പറഞ്ഞു ഗ്ലാസ് കഴുകി വയ്ക്കണം എന്ന്. അതൊരു പുതുമയുള്ള സംഭവമായിരുന്നു. അവിടെ വരുന്നവർ എല്ലാം ചായ കുടിച്ചതിനുശേഷം വലിയൊരു പാത്രത്തിൽ ശേഖരിച്ചു വെച്ചിട്ടുള്ള വെള്ളം എടുത്ത് ഗ്ലാസുകൾ കഴുകി കമിഴ്ത്തി വയ്ക്കണം. ബിനോയ് സാറിന്റെ കഴുത്തിലെ ഗവൺമെന്റ് ഐഡി കാർഡ് കണ്ടപ്പോൾ കടക്കാരൻ ഒരു കമന്റ് കൂടി പാസാക്കി. സർക്കാർ പണി പോലെയല്ല ഇത് എന്ന്. ഞങ്ങൾ അത് തമാശയാക്കി എടുത്ത് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

ഇനി സൺ ടെമ്പിൾ കാണാനായി പോകണം. അതിനായി ഒരു ബസ് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. പലരോടും അന്വേഷിച്ച് ഒടുവിൽ ഒരു ട്രാവൽ ഏജൻസിയിൽ എത്തിച്ചേർന്നു. അവരുമായി റേറ്റിന്റെ കാര്യത്തിൽ ചില തർക്കങ്ങൾ ഒക്കെ നടന്നു. അധികം പരിക്കില്ലാത്ത ഒരു റേറ്റിൽ ഉറപ്പിച്ചു.

10:00 മണിയോടുകൂടി ഞങ്ങൾ എല്ലാവരും കൊണാർക്കിലെ സൂര്യ ക്ഷേത്രം കാണുവാനായി പുറപ്പെട്ടു. 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വണ്ടി കിട്ടാത്തതിനാൽ 25 പേരെ വീതം ഉൾക്കൊള്ളുന്ന രണ്ട് വാഹനങ്ങളിൽ ആയിട്ടാണ് ഞങ്ങൾ യാത്ര ചെയ്തത് . 2016 ലെ സ്റ്റഡി ടൂർ സമയത്ത് എന്നേ ഏറ്റവും വിസ്മയിപ്പിച്ച ഒരു ശില്പ സൗധം ആയിരുന്നു സൂര്യ ക്ഷേത്രം. ഇത്തവണ ചെല്ലുമ്പോൾ അതിന് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. വഴികളെല്ലാം വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. 50 പേർക്കുള്ള പ്രവേശനപാസുമായി ഞാൻ വിദ്യാർഥികളുടെ അടുത്തേക്ക് എത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പേര് പതിച്ച പ്രത്യേക തരത്തിൽ സജ്ജമാക്കിയ നാണയ രൂപത്തിലുള്ള ഒന്നായിരുന്നു അത്. അത് എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. പ്രവേശന സ്ഥലത്ത് ഈ നാണയം ഇട്ടാൽ മാത്രമേ നമുക്കായി ഗേറ്റ് തുറക്കൂ. അങ്ങനെ ഞങ്ങൾ ഓരോരുത്തരായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അകത്തേക്ക് കയറി.

ഒഡീഷയിലെ പുരി ജില്ലയിലെ പുരി നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 13CE കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നിരിക്കുന്നത്. നരസിംഹദേവ ഒന്നാമൻ   എന്ന രാജാവാണ് ഇത് പണികഴിപ്പിച്ചത്. ഹിന്ദു ദേവനായ സൂര്യന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്ര സമുച്ചയത്തിൽ 100 അടി (30 മീറ്റർ) ഉയരമുള്ള രഥത്തിന്റെ രൂപമുണ്ട്. വലിയ ചക്രങ്ങളും കുതിരകളും, എല്ലാം കല്ലിൽ കൊത്തിയെടുത്തവ. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോൾ നശിച്ചുകിടക്കുകയാണ്, അവ പുനർനിർമ്മിക്കുന്ന ജോലികളും ഒപ്പം നടക്കുന്നുണ്ട്. ഒരു കാലത്ത് ഈ ക്ഷേത്രം അവശേഷിക്കുന്ന മണ്ഡപത്തേക്കാൾ വളരെ ഉയർന്നു നിന്നിരുന്നു. കാലത്തെ അതിജീവിച്ച ക്ഷേത്രത്തിന്റെ ഘടനകളും ഘടകങ്ങളും അവയുടെ സങ്കീർണ്ണമായ കലാസൃഷ്ടികൾ, പ്രതിരൂപങ്ങൾ, ലൈംഗിക കാമ, മിഥുന രംഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾക്ക് പ്രശസ്തമാണ്. ഒഡീഷ വാസ്തുവിദ്യയുടെ അല്ലെങ്കിൽ കലിംഗ വാസ്തുവിദ്യയുടെ ഒരു മികച്ച മാതൃകയാണ് ക്ഷേത്രം.

ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പുരി ബീച്ചിൽ എത്തി. ഭൂരിഭാഗം വിദ്യാർത്ഥികളും കടലിൽ ഇറങ്ങി. കയ്യിൽ ക്യാമറ ഉള്ളതുകൊണ്ടും, ഷൂസ് ഇട്ടിരിക്കുന്നത് കൊണ്ടും, നീന്തൽ അറിയില്ല എന്നാ ഭീതി ഉള്ളതുകൊണ്ടും ഞാൻ കടലിലേക്ക് ഇറങ്ങിയില്ല. ബീച്ചിന്റെ തൊട്ടടുത്ത് തന്നെ ഒരു ഇന്റർനാഷണൽ സാൻഡ് ഫെസ്റ്റിവൽ നടക്കുന്നുണ്ടായിരുന്നു. എട്ടോളം വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. കാർപെറ്റ് വിരിച്ച നടപ്പാതയിലൂടെ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന മണൽ ശില്പങ്ങൾ കണ്ടു നടന്നു. നല്ല ഉച്ച സമയമായതിനാൽ സാൻഡ് ആർട്ടിസ്റ്റുകൾ എല്ലാം വിശ്രമത്തിൽ ആയിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സാൻഡ് ആർട്ടിസ്റ്റും ഒഡീഷ സ്വദേശിയുമായ സുദർശൻ പട് നായ്ക്ക് ആയിരുന്നു ഈ അന്താരാഷ്ട്ര പ്രദർശനത്തിന്റെ ബ്രാൻഡ് അംബാസിഡർ.

ഭൂരിഭാഗം പേരും നനഞ്ഞു കുതിർന്നു ബസ്സിൽ വന്നുകയറി. അതിൽ ഒരു വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കടലിൽ വീണു പ്രവർത്തനരഹിതമാവുകയും ചെയ്തു. നാലരയോട് കൂടി ഞങ്ങൾ പുരിയിൽ മടങ്ങിയെത്തി. റൂമിൽ എത്തി ഒന്ന് കുളിച്ചിട്ട് വീണ്ടും പുറത്തേക്ക് ഇറങ്ങി. ഒരു ചെറിയ കടയിൽ ചായ കുടിക്കാനായി കയറിയപ്പോൾ ഒരു മാന്യൻ ഞങ്ങളെ വന്നു പരിചയപ്പെട്ടു. അയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. ഞങ്ങളുടെ സംസാരം കേട്ടപ്പോഴേ തന്നെ ചോദിച്ചു കേരളത്തിൽ നിന്നാണോ എന്ന്. കേരളത്തെക്കുറിച്ച് അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംസ്ഥാനം കേരളമാണെന്നും അയാൾ പറഞ്ഞു. മറ്റൊരു സ്ഥലത്ത് വെച്ച് നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. പിന്നീട് കുറെ നേരം അദ്ദേഹവുമായി സംസാരിച്ചു കൊണ്ട് നിന്നു. ഒഡീഷയിലെ വക്കീലന്മാരുടെ സംഘടനയുടെ പ്രസിഡന്റ് ആണ് അയാൾ എന്നും, ഒഡീഷയിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കണമെന്നും പറഞ്ഞു. പരിചയമുള്ള ചില നാട്ടുകാർ ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അയാളുടെ കാൽ തൊട്ടുവണങ്ങുന്നുണ്ടായിരുന്നു. പിരിയാൻ നേരം ഞാനും ബിനോയ് സാറും കൈനീട്ടിയത് അയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിപ്പോയി.

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ സമീപം ഒഡീഷയിലെ കരകൗശല പ്രവർത്തനങ്ങളെയും, ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്ഥിര വേദി ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ കയറിയപ്പോൾ ഒരു എക്സ്പ്പോ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവിടം. 50ലധികം ചെറിയ സ്റ്റാളുകൾ അവിടെ ഉണ്ടായിരുന്നു. ആദിവാസികളും അല്ലാത്തവരുമായ ധാരാളം ആളുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവിടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. വിശാലമായ ഒരു സ്ഥലത്തായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. വളരെ മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത ഈ പ്രദേശം ഒറ്റനോട്ടത്തിൽ ഒരു പാർക്ക് പോലെ തോന്നിപ്പിച്ചു.

രാത്രി ഭക്ഷണമായി കുറെയധികം ഗംഭീര സമൂസകൾ കഴിച്ചുകൊണ്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി. ഈ യാത്രയിൽ കണ്ട മറ്റൊരു കാര്യം മിക്ക ഹോട്ടലുകളിലും ചെക്കിൻ സമയം 12 മണിയും, ചെക്ക്ഔട്ട് സമയം 10. 30 ഉം ആയിരുന്നു. പുരിയിലെ ഹോട്ടലിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ട് രാവിലെ സൂര്യ ക്ഷേത്രം കാണുവാൻ പോകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ എല്ലാവരും ചെക്ക് ഔട്ട് ചെയ്തിട്ട് അതേ ഹോട്ടലിലെ ഒരു ഡോർമെട്രിയിൽ ലഗേജുകൾ മുഴുവനും സൂക്ഷിച്ചിരുന്നു. എട്ടര ആയപ്പോഴേക്കും ലഗേജുകളും ഒക്കെ എടുത്തുകൊണ്ട് ഞങ്ങൾ പുരി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.

നല്ല തിരക്കുള്ളതും, വൃത്തിയുള്ളതുമായ ഒരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു അത്. കേന്ദ്രസർക്കാറിന്റെ 'ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം ' പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഒരു സ്റ്റാൾ പുരി റെയിൽവേ സ്റ്റേഷനിലും ഉണ്ടായിരുന്നു. ആ സ്റ്റാളിൽ നിന്നും ബിനോയ് സാർ ചില കരകൗശല വസ്തുക്കൾ വാങ്ങി. വിൽക്കുക മാത്രമായിരുന്നില്ല അവർ ചെയ്തത്. അവരുടെ സംസ്ഥാനത്തെ കരകൗശല പ്രവർത്തനങ്ങളെക്കുറിച്ച്, അതിന്റെ ചരിത്രത്തെക്കുറിച്ചൊക്കെ വാതോരാതെ, വളരെ അഭിമാനത്തോടെ ഞങ്ങളോട് വിവരിക്കുകയും ചെയ്തു.

രാത്രി 10 മണിക്കാണ് ഷാലിമാർ എക്സ്പ്രെസ്സ് ട്രെയിൻ. ഇനി കൽക്കട്ടയിലേക്കാണ് യാത്ര.

Comments

Popular posts from this blog