All India study tour Day -04

Day _04
 പിറ്റേന്ന് വെളുപ്പിനെ അഞ്ചുമണിക്ക് ഞങ്ങൾ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ എത്തി. വൈകുന്നേരത്തെ ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ബാഗുകളും മറ്റും അവിടെ സൂക്ഷിച്ചിട്ട് മഹാബലി പുരത്തേക്ക് പോകാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം രണ്ടര കിലോമീറ്റർ ഉണ്ട്. രാവിലെ എത്തിയതിനാൽ ധാരാളം ഓട്ടോറിക്ഷക്കാർ ഞങ്ങളുടെ പിന്നാലെ കൂടി. പക്ഷേ അവരുടെ റേറ്റ് കൂടുതലായതുകൊണ്ട് അവസാനം ഞങ്ങൾ നടക്കാം എന്ന് തീരുമാനിച്ചു. നടക്കുന്നതിനിടയിൽ കരളലിയിക്കുന്ന നിരവധി ഫുട് പാത്ത് കാഴ്ചകൾ, രാവിലെ തന്നെ ഞങ്ങളുടെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. അതിലൊന്ന്  തണുപ്പത്ത് കിടന്നുറങ്ങുന്ന ഒരു കുടുംബം ആയിരുന്നു. അച്ഛനും അമ്മയ്ക്കും നടുവിൽ ഉടുതുണിയില്ലാതെ രണ്ടു കുട്ടികൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. തണുപ്പ് ഒന്നും അവർക്ക് ഒരു പ്രശ്നവും അല്ലായിരുന്നു. കുറേ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അത്ര വൃത്തിയില്ലാത്ത നഗരത്തിലെ ചില ഭാഗങ്ങൾ കണ്ടു.

 സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുത്തെ ക്ലോക്ക് റൂമിന് മുന്നിലെ തിരക്ക് കാരണം മുഖ്യ കവാടത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ബാഗ് മൊത്തത്തിൽ വച്ച് വിദ്യാർത്ഥികൾ അതിന് ചുറ്റും ഇരുന്നു. ചിലർ ഉറങ്ങി. മറ്റുചിലർ പതിയെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്കായി ഒന്നാം നിലയിൽ ഉള്ള സെക്കൻഡ് ക്ലാസ് വൈറ്റിംഗ് റൂമിന് അടുത്തേക്ക് പോയി. അവിടെ അതിഭീകര തിരക്കായിരുന്നു. കേരളത്തിലേക്ക് പോകാനായി തയ്യാറെടുക്കുന്ന സ്വാമിമാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  ആറുമണിയൊക്കെ ആയപ്പോഴേക്കും തിരക്കൊന്നു കുറഞ്ഞപ്പോൾ ഞങ്ങൾ കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങി.

 ചെന്നൈയിൽ നിന്നും മഹാബലിപുരത്തേക്ക് 64 കിലോമീറ്റർ ദൂരമുണ്ട്. 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബസ് പ്രതീക്ഷിച്ചാണ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയത്. പലരോടും അന്വേഷിച്ച് അന്വേഷിച്ച് അവസാനം ഒരു ട്രാവൽ ഏജൻസിയുടെ ഓഫീസിൽ എത്തി. 50 പേര് എന്ന് പറഞ്ഞപ്പോൾ അവർ ഒന്ന് ഞെട്ടിയെങ്കിലും എന്തായാലും ബസ് സംഘടിപ്പിച്ച് തരാമെന്ന് അവർ സമ്മതിച്ചു. നമ്മുടെ നാട്ടിലേതുപോലെയുള്ള റേറ്റ് സിസ്റ്റം അല്ല അവിടെ ഉള്ളത്. അവർ തലയെണ്ണിയാണ് റേറ്റ് പറയുന്നത്. എന്തായാലും അരമണിക്കൂറിനുള്ളിൽ ബസ് റെഡിയാകും എന്ന ഉറപ്പിൽ അഡ്വാൻസ് നൽകിയിട്ട് ഞങ്ങൾ ചെന്നൈ റെയിൽവേ സ്റ്റേഷനിലേക്ക് തന്നെ തിരികെ നടന്നു. അവർ പറഞ്ഞതുപോലെതന്നെ അരമണിക്കൂറിനുള്ളിൽ വണ്ടി എത്തി, ഞങ്ങൾ മഹാബലിപുരത്തേക്ക് യാത്ര ആരംഭിച്ചു.

പല്ലവ രാജവംശകാലത്ത് നിർമ്മിച്ച ഒരു കൂറ്റൻ റോക്ക് റിലീഫ് ( Descent of Ganges ) ആയിരുന്നു അവിടത്തെ മുഖ്യ ആകർഷണം. പാറകളിൽ അതീവ സൂക്ഷ്മതയോടെ നിർമ്മിച്ച  റിലീഫ് ശില്പങ്ങൾ മനോഹരവും, അത്ഭുത പ്പെടുത്തുന്നവയും ആയിരുന്നു.

പാറകൾക്ക് മുകളിലായി പിന്നെയും ഒന്ന് രണ്ട് സ്ഥലങ്ങൾ കൂടി കണ്ട് ഞങ്ങൾ താഴെ ഇറങ്ങി. പിന്നെ പോയത് പഞ്ചപാണ്ഡവരഥ ശില്പങ്ങൾ കാണാനായിരുന്നു. 630-668 CE കാലഘട്ടത്തിൽ പണിത ഒറ്റക്കൽ ശില്പങ്ങൾ ആയിരുന്നു ഇവ. ബംഗാൾ ഉൾക്കടലിന് സമീപമാണ് ഇവ നിലകൊണ്ടിരുന്നത്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട ഈ പ്രദേശം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. മനോഹരവും വൃത്തിയുള്ളതുമായ സമീപപ്രദേശങ്ങളായിരുന്നു ഇവയ്ക്ക് ചുറ്റും.

അവിടെ നിന്നും ഇറങ്ങി അതിനു സമീപത്തു തന്നെയുള്ള ഷോർ ടെമ്പിൾ കാണുവാനായി പുറപ്പെട്ടു. പല്ലവ രാജവംശത്തിലെ നരസിംഹവർമൻ രണ്ടാമന്റെ കാലഘട്ടത്തിൽ പണിതതാണ് ഈ ക്ഷേത്രം. വിസ്മയകരമായ മഹാബലിപുരത്തെ കാഴ്ചകൾ പിന്നിട്ടു ഞങ്ങൾ ചെന്നൈയിലേക്ക് യാത്ര തിരിച്ചു.

 അവിടെനിന്നും വൈകുന്നേരം ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹൗറ എക്സ്പ്രസ് വളരെ വൈകി രാത്രി 11 മണിക്കാണ് യാത്ര ആരംഭിക്കുന്നത് എന്ന അറിയിപ്പ് വന്നു. സ്റ്റേഷനിലെത്തിയ ഞങ്ങൾ ആഹാരം കഴിക്കുന്നതിനും ചെറിയ ഷോപ്പിങ്ങിനും ഒക്കെയായി പുറത്തേക്ക് ഇറങ്ങി. ചെന്നൈ സബർബൻ റെയിൽവേ സ്റ്റേഷനുകളും, പരിസരങ്ങളും ഒക്കെ ഒന്ന് ചുറ്റിക്കറങ്ങി കണ്ടു. അടുത്തുകൂടി ഒഴുകുന്ന ഒരു ചെറു നദി മലിനപ്പെട്ടു കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ആ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ഏറ്റുവാങ്ങി കറുത്ത നിറത്തിൽ ഒഴുക്ക് നിലച്ച്, അതീവ ദുർഗന്ധം പരത്തി അത് അങ്ങനെ കിടന്നു.

റോഡുകളിൽ തിരക്കാണ്. വീടണയാനായി പായുന്ന മനുഷ്യർ. നഗരത്തിലെ പ്രധാനപ്പെട്ട ചില ബിൽഡിങ്ങുകൾ ലൈറ്റ് അപ്പ് ചെയ്ത് സുന്ദരമായി നിലകൊണ്ടു. അത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

ഏറ്റവും അവസാനത്തെ പ്ലാറ്റ്ഫോമിൽ ആയിരുന്നു ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ എത്തിയത്. അതു മാത്രവുമല്ല ആ പ്ലാറ്റ്ഫോമുകളിൽ ലൈറ്റുകളും ഇല്ലായിരുന്നു. വലിയ ബാഗുകളും തൂക്കി ജനക്കൂട്ടം ട്രെയിൻ ലക്ഷ്യമാക്കി ഓടി. എവിടെയൊക്കെയോ തട്ടി ആളുകൾ വീഴുന്നുണ്ടായിരുന്നു. എന്തായാലും ഒരു വിധത്തിൽ ട്രെയിനിൽ കയറി ഞങ്ങളുടെ സീറ്റ് നമ്പർ കണ്ടുപിടിച്ചു. പതിനൊന്നരയോടുകൂടി ട്രെയിൻ ചലിച്ചു തുടങ്ങി. ഇനി ഭുവനേശ്വറിലേക്ക്.

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"
     crossorigin="anonymous"></script>


Comments

Popular posts from this blog