All India study tour Day _01

 2022 നവംബർ 25ന് രാത്രി മാവേലിക്കരയിൽ നിന്നും 10: 30 നുള്ള അമൃത എക്സ്പ്രസിൽ ആണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. 50 പേരടങ്ങുന്ന സംഘത്തെ യാത്രയാക്കാൻ ചില വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പൽ ശ്രീ മനോജ് വൈലൂർ സാറും എത്തിയിട്ടുണ്ടായിരുന്നു. 26ന് രാവിലെ പത്തരയ്ക്ക് മധുര സ്റ്റേഷനിൽ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിലുള്ള ക്ലോക്ക് റൂമിൽ ബാഗേജുകൾ സൂക്ഷിച്ചിട്ട് മധുരമീനാക്ഷി ക്ഷേത്രം സന്ദർശിക്കാനായി പുറപ്പെട്ടു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവയ്ക്ക് വിലക്ക് ഉള്ളതിനാൽ ' കണ്ണുകൊണ്ട് കാണുക' എന്ന ഓപ്ഷനെ ഞങ്ങൾക്ക് മുമ്പിൽ ഉണ്ടായിരുന്നുള്ളു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ അകത്തേക്ക് കടത്തിവിട്ടില്ല.


 ക്ഷേത്രത്തിന്റെ ഒരുവശത്ത് മ്യൂസിയം പോലെ തയ്യാറാക്കിയ ഒരു ഭാഗത്ത് ചില പ്രധാന ശില്പങ്ങൾ കണ്ണാടി കൂടിനുള്ളിൽ സംരക്ഷിച്ചിരുന്നു. വലിയ ഒരു തമാശ എന്തെന്നാൽ കണ്ണാടിക്കൂടിന്റെ ചേർപ്പുകൾക്കിടയിലൂടെ നാണയങ്ങളും, നോട്ടുകളും, തങ്ങളുടെ തന്നെ പാസ്പോർട്ട് സൈസ് ഫോട്ടോകളും, വിസിറ്റിംഗ് കാർഡുകളും, സന്ദർശകർ നിക്ഷേപിച്ചുകൊണ്ടേയിരുന്നു. ഒരാൾ ചെയ്യുന്നത് കണ്ടാൽ പിറകെ വരുന്ന എല്ലാവരും അത് തന്നെ ആവർത്തിക്കുന്നു ഒരു വഴിപാട് പോലെ.


ക്ഷേത്രത്തിലെ ലഡ്ഡു സ്വാദിഷ്ടമായിരുന്നു. പൂജയൊക്കെ നടക്കുന്നതിനാൽ ഭയങ്കര തിരക്കായിരുന്നു അവിടെ. ക്ഷേത്രത്തിന് പരിസരത്തുള്ള കടയിൽ നിന്നു തന്നെ ഉച്ച ഭക്ഷണം കഴിച്ച ശേഷം തിരുമല നായ്ക്കർ പാലസ് കാണാനായി പുറപ്പെട്ടു. ക്ഷേത്രത്തിൽ നിന്നും നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. പതിനേഴാം നൂറ്റാണ്ടിൽ തിരുമലനായക രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കൊട്ടാരം.


ഈ അധ്യായന വർഷത്തെ സ്റ്റഡി ടൂറിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ആണ് അവസാന വർഷ ബി. എഫ്. എ വിദ്യാർഥികൾ പുതിയൊരു ആവശ്യവുമായി വന്നത്. സാധാരണഗതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികൾ ആണ് സ്റ്റഡി ടൂറിന് പോകാറ്. കൊറോണ കാരണം അധ്യയന വർഷത്തെ പല പ്രവർത്തി ദിവസങ്ങളും നഷ്ടപ്പെട്ടതിനാൽ ഇപ്പോഴത്തെ അവസാന വർഷ വിദ്യാർത്ഥികൾക്ക് സ്റ്റഡി ടൂർ ഇല്ലായിരുന്നു. അതുകൊണ്ട് രണ്ട് ബാച്ചുകളെ ഒരുമിച്ചു സ്റ്റഡി ടൂറിന് കൊണ്ടുപോകണം എന്നതായിരുന്നു അവരുടെ ആവശ്യം. പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം അവർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രത്യേക അനുമതി നേടിയെടുത്തു. തുടക്കത്തിൽ സ്റ്റഡി ടൂറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 60ന് മുകളിലായിരുന്നു. പിന്നെ അത് കുറഞ്ഞു കുറഞ്ഞ് 47ൽ വന്നു നിന്നു. ഞാനും ബിനോയി സാറും, ആർട്ട്‌ ഹിസ്റ്ററിയിലെ പ്രീതി ടീച്ചറും കൂടിയായപ്പോൾ കൃത്യം 50 പേര്.


ഇതിനിടയിൽ മൂന്നാം വർഷത്തിലെ ഷാർവിൻ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ് ഒക്കെ ആരംഭിച്ചു കഴിഞ്ഞിരുന്നു. മുൻവർഷങ്ങളിൽ ടൂർ പോയതിന്റെ രേഖകൾ ഒക്കെ പിന്തുടർന്ന് ചില ഏകദേശധാരണകളോക്കെ അവർ ഉണ്ടാക്കിയെടുത്തു. റൂട്ടിനെക്കുറിച്ചും സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ അവർ പ്രീതി ടീച്ചറുമായി ആലോചിച്ചിട്ടാണ് എടുത്തത്. മാവേലിക്കര കോളേജിൽ നിന്നും ഏറ്റവും അധികം സ്റ്റഡി ടൂറിന് കുട്ടികളെ കൊണ്ടുപോയിട്ടുള്ളത് പ്രീതി ടീച്ചറാണ്. ഇത് പ്രീതി ടീച്ചറുടെ ആറാമത്തെ സ്റ്റഡി ടൂറാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്ന കാര്യം ടീച്ചർ ബിനോയ് സാറിനോടും, എന്നോടും പങ്കുവെച്ചു. ഒൻപതു പെൺകുട്ടികൾ സ്റ്റഡി ടൂറിൽ ഉൾപ്പെട്ടതിനാൽ ഒരു ലേഡീസ് സ്റ്റാഫ് എന്തായാലും അത്യാവശ്യമായിരുന്നു.


 തിരുമല നായ്ക്കർ പാലസിലെ കാഴ്ചകളോട് വിട പറഞ്ഞു ഞങ്ങൾ വൈകുന്നേരത്തോടെ വീണ്ടും മധുരൈ റെയിൽവേ സ്റ്റേഷനിൽ എത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. രണ്ടാം ക്ലാസ് വിശ്രമമുറിയിലെ പരിമിത സാഹചര്യത്തിൽ നിന്നുകൊണ്ട് എല്ലാവരും ഒന്ന് ഫ്രഷ് ആയി. ക്ലോക്ക് റൂമിൽ നിന്നും ബാഗുകൾ എല്ലാം എടുത്ത് 8:50 നുള്ള തഞ്ചാവൂർ ട്രെയിൻ കാത്തു നിന്നു. മധുരയിൽ നിന്നും തഞ്ചാവൂരിലേക്ക് മൂന്ന് മണിക്കൂർ യാത്രയാണ്. 11 45 ന് ഞങ്ങൾ തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.



<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"

     crossorigin="anonymous"></script>



Comments

Popular posts from this blog